പരപ്പ: ബസിനടിയിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കണ്ടക്ടർ കാട്ടിപ്പൊയിൽ പള്ളം സ്വദേശി രാജേഷിന് സഹായമെത്തിക്കാൻ പരപ്പയിൽ നാട്ടുകാർ കൈകോർത്തു.
ടോപ് ടെൻ ക്ലബ് പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ബസ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബക്കറ്റ് പിരിവിലൂടെ 37,650 രൂപയാണ് സമാഹരിച്ചത്. ടോപ് ടെൻ ക്ലബ് പ്രസിഡന്റ് ഷൈജൻ ചാക്കോ നേതൃത്വം നൽകി. തുക രാജേഷ് ജോലി ചെയ്തിരുന്ന തവക്കൽ ബസ് അധികൃതർക്കു കൈമാറി.
രാജേഷിന് ചികിത്സാസഹായമെത്തിക്കുന്നതിനായി തവക്കൽ ബസ് ഇന്നലെ കാരുണ്യയാത്രയും നടത്തി. കഴിഞ്ഞ ഞായറാഴ്ച അമ്പലത്തറ പാറപ്പള്ളിയിൽ വച്ചാണ് ബസിന്റെ സാങ്കേതിക തകരാർ പരിശോധിക്കാനായി ഇറങ്ങിയ രാജേഷ് ബസിനടിയിൽ പെട്ടത്. നിലവിൽ കാസർഗോഡ് മിംസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.